
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണീരൊപ്പി നടപ്പിലാക്കിയ മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ കടുത്ത വെട്ടിനിരത്തൽ. അന്ധത തടയാനുള്ള നിർണ്ണായക ചികിത്സയായ എ.എം.ഡി (Age-related Macular Degeneration) കുത്തിവയ്പ്പുകൾ പുതിയ ഘട്ടത്തിൽ (മെഡിസെപ് 2.0) നിന്ന് ഒഴിവാക്കി. സർക്കാരിന്റെയും ഇൻഷുറൻസ് കമ്പനിയുടെയും ഈ ക്രൂരമായ നടപടിക്കെതിരെ ജീവനക്കാർക്കിടയിലും പെൻഷൻകാർക്കിടയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പെൻഷൻകാരെ ബലിനൽകി ലാഭക്കൊയ്ത്ത്
പ്രായമായവരെ ബാധിക്കുന്ന എ.എം.ഡി രോഗത്തിന് കൃത്യസമയത്ത് ഇൻട്രാവിട്രിയൽ കുത്തിവയ്പ്പ് എടുത്തില്ലെങ്കിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടും. മുൻപ് ഒരു വർഷം ആറ് കുത്തിവയ്പ്പുകൾക്ക് വരെയായി 99,000 രൂപ ആനുകൂല്യം ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ പാവപ്പെട്ട പെൻഷൻകാരെ അന്ധതയിലേക്ക് തള്ളിവിട്ടുകൊണ്ട് ഈ ആനുകൂല്യം റദ്ദാക്കിയിരിക്കുന്നത്.
മെഡിസെപ്പിന്റെ ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ തുക ചിലവായ 10 ചികിത്സകളിൽ ഒന്നാണിത്. ചെലവ് കുറച്ച് ലാഭം കൊയ്യാൻ ഇൻഷുറൻസ് കമ്പനിയും സർക്കാരും ചേർന്ന് പെൻഷൻകാരെ ബലിമൃഗങ്ങളാക്കുകയാണെന്ന് ആക്ഷേപമുയരുന്നു.
മറ്റെല്ലായിടത്തും പരിരക്ഷ; മെഡിസെപ്പിൽ മാത്രം വിവേചനം
കേന്ദ്ര സർക്കാർ ജീവനക്കാരുടെ CGHS, സൈനികരുടെ ECHS, വി.എസ്.എസ്.സി പെൻഷൻ പദ്ധതികൾ എന്നിവയിലെല്ലാം ഈ ചികിത്സയ്ക്ക് പരിരക്ഷ നൽകുമ്പോഴാണ് കേരളത്തിലെ സർക്കാർ ജീവനക്കാരോട് ഈ വിവേചനം കാട്ടുന്നത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പോലും നൽകുന്ന പരിരക്ഷയാണ് മെഡിസെപ്പിൽ നിഷേധിക്കപ്പെടുന്നത്.
പ്രതിഷേധം ശക്തം
കൂടിയാലോചനകളില്ലാതെ എടുത്ത ഈ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
"സുതാര്യത ഉറപ്പാക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ആശുപത്രികൾ തയ്യാറായിട്ടും, സുപ്രധാനമായ ഈ ചികിത്സ നിഷേധിച്ചത് പ്രതിഷേധാർഹമാണ്."











